NEWS UPDATE

6/recent/ticker-posts

ചെക്ക് ഇൻ കഴിഞ്ഞ് ഗേറ്റിലെത്തിയ യാത്രക്കാരിയെ വിമാനത്തിൽ കയറ്റിയില്ല; കമ്പനി 4.5 ലക്ഷം നഷ്ടപരിഹാരം കൊടുക്കണം

ദോഹ: ഖത്തറിൽ യാത്രക്കാരിയെ വിമാനത്തിൽ കയറ്റാതിരുന്ന സംഭവത്തിൽ കമ്പനി 20,000 റിയാൽ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി. യാത്രക്കാരി നൽകിയ പരാതിയിൽ ഇൻവെസ്റ്റ്മെന്റ് ആന്റ് ട്രേഡ് കോടതിയാണ് വിധി പറഞ്ഞത്. യാത്ര നിഷേധിച്ചത് കൊണ്ടുണ്ടായ സാമ്പത്തിക നഷ്ടത്തിനും മാനസിക പ്രയാസങ്ങൾക്കും പകരമായാണ് നഷ്ടപരിഹാരം. വിധി ഉടൻ നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു.[www.malabarflash.com]


നടപടി നേരിടേണ്ടി വന്ന വിമാനക്കമ്പനിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ദോഹയിൽ നിന്ന് മറ്റൊരു അറബ് രാജ്യത്തിന്റെ തലസ്ഥാന നഗരത്തിലേക്ക് യാത്ര ചെയ്യാനെത്തിയ വ്യക്തിക്കായിരുന്നു യാത്ര നിഷേധിക്കപ്പെട്ടത്. യാത്രക്കാരി വിമാനത്താവളത്തിൽ എത്തി ചെക്ക് ഇൻ നടപടികളെല്ലാം പൂർത്തിയാക്കി. തുടർന്ന് ബോർഡിങ് ഗേറ്റിലെത്തി യാത്രാ രേഖകൾ കാണിച്ചപ്പോൾ അവിടെയുണ്ടായിരുന്ന ജീവനക്കാരൻ വിമാനത്തിൽ കയറാൻ അനുവദിച്ചില്ല. യാത്രക്കാരി വൈകിയാണ് എത്തിയതെന്നും അതുകൊണ്ടു തന്നെ വിമാനത്തിൽ കയറാൻ അനുവദിക്കുന്നില്ലെന്നും ഇയാൾ ഉറക്കെ വിളിച്ചുപറയുകയായിരുന്നു.

വിമാനം പുറപ്പെടാൻ അപ്പോഴും ധാരാളം സമയം ബാക്കിയുണ്ടായിരുന്നു. യാത്രക്കാരി പലതരത്തിൽ ശ്രമിച്ചെങ്കിലും ജീവനക്കാരൻ അയഞ്ഞില്ല. വ്യക്തമായ കാരണമൊന്നും ബോധിപ്പിക്കാതെ യാത്രക്കാരിയെ അപമാനിക്കുന്ന തരത്തിലായിരുന്നു പെരുമാറ്റം. തുടർന്ന് അവർ ബോർഡിങ് ഡേറ്റിന് സമീപം കുഴഞ്ഞുവീണു. അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കിയെങ്കിലും യാത്ര മുടങ്ങി. പിന്നാലെയാണ് വിമാനക്കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് യാത്രക്കാരി കോടതിയെ സമീപിച്ചത്.

Post a Comment

0 Comments